ആധാർ സുരക്ഷിതമാണോ ?, തിരിച്ചറിയലിന് മാത്രമാണോ ഉപയോഗിക്കുന്നത് ?; സംശയങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി
ആധാർ സുരക്ഷിതമാണോ ?, തിരിച്ചറിയലിന് മാത്രമാണോ ഉപയോഗിക്കുന്നത് ?; സംശയങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി
ആധാര്‍ വെരിഫിക്കേഷന് വേണ്ടി മാത്രമായാണോ ഉപയോഗിക്കുന്നതെന്ന് സുപ്രീംകോടതി. ആധാർ കേസിൽ വാദം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രാഥമിക വാദമാണ് ഇന്ന് നടന്നത്. ഹര്‍ജിക്കാരുടെ വാദമാണ് ഭരണഘടനാ ബെഞ്ച് കേട്ടത്. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.
തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുകയെന്ന് ചോദിച്ച കോടതി ആധാർ സുരക്ഷിതമാണോ എന്നും ചോദിച്ചു. ആധാർ ബിൽ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുമോ എന്നും അഞ്ചംഗ ബെഞ്ച് ചോദിച്ചു.
രാജ്യത്തെ പൂർണമായും നിരീക്ഷണവലയത്തിലാക്കുന്ന വമ്പൻ ഇലക്ട്രോണിക് വലയാണ് ആധാറെന്ന് ഹർജിക്കാർ വാദിച്ചു. ഓരോ പൗരന്മാരന്റെയും സ്വകാര്യതയെ ലംഘിക്കുന്നതാണിതെന്നും ജനങ്ങളുടെയും അവകാശങ്ങളെ ലംഘിക്കുന്നതാണ് ആധാറെന്നും ഹർജിക്കാർ വ്യക്തമാക്കി.
കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിശദവിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചു.
അതേസമയം സാമൂഹിക ക്ഷേമ പദ്ധതികള്‍ അര്‍ഹതപ്പെടുന്നവരില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന ചോദ്യം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.