കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 40 ഓളം ആളുകൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ വിശാൽ. വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.
'തീർത്തും അസംബന്ധം. നടൻ/രാഷ്ട്രീയക്കാരൻ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുൾപ്പെടെ 30-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത കേൾക്കുന്നത് ഹൃദയഭേദകമാണ്. ഇത് ശരിയല്ല. ആ നിരപരാധികളായ എല്ലാ ഇരകൾക്കും എന്റെ ഹൃദയം നുറുങ്ങുന്നു, അവരിലും അവരുടെ കുടുംബങ്ങളിലും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. മരിച്ച ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് @TVKVijayHQ പാർട്ടിയോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു', വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഭാവിയിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും ഇനിമുതൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടൻ പറഞ്ഞു. റാലിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.