ദിനകരന്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാര്‍ കൂടി; പളനിസാമിയെ പാർട്ടി ചുമതലകളിൽ നിന്നു നീക്കി
പളനിസാമിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു
ആശങ്കകള്‍ ഒഴിയാതെ തമിഴ്നാട് രാഷ്ട്രീയം. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തുനിഞ്ഞിറങ്ങിയ ശശികല- ദിനകരൻ വിഭാഗം മുഖ്യമന്ത്രി പളനി സാമിയെ പാര്‍ട്ടിയുടെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളായി തന്‍റെ വിശ്വസ്ഥരെ നിയമിക്കുന്നതിന്‍റെ ആദ്യപടിയായാണ് ഈ നടപടി. ചെന്നൈയില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് എടപ്പാടി പളനിസാമിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അറിയിച്ചിരിക്കുന്നത്.
നിലവില്‍ എഐഎഡിഎംകെയുടെ ഹെഡ്ക്വാട്ടേഴ്സ് സെക്രട്ടി കൂടിയാണ് പളനിസാമിയെങ്കിലും ഇതിനെ പറ്റി വ്യക്തമായ സൂചനയില്ല. മുന്‍ എംഎല്‍എ എസ്‌കെ ശെല്‍വത്തെയാണ് പളനിസാമിയ്ക്ക് പക്കരം ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ശശികലയുടെ അറിവോട് കൂടിയാണ് ഇതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശെല്‍വവുമായി സഹകരിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് എംഎല്‍എമാര്‍ കൂടി പക്ഷം ചേര്‍ന്നതോടെ ദിനകരന്‍ പാളയത്തില്‍ ഇപ്പോള്‍ 21 എംഎല്‍എമാരാകുകയും ചെയ്തു.
അരന്താങ്കിയിലെ എംഎല്‍എയായ രതിന സബപതി, വിരുദാചലം എംഎല്‍എ കലൈസെല്‍വന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ദിനകര വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ 19 എംഎല്‍എമ്മാരുടെ സംഘമായിരുന്നു ദിനകരനോടൊപ്പം ഗവര്‍ണറെ കണ്ട് പളനിസാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചത്. ഇവരെ താമസിപ്പിച്ചിരുന്ന റിസേര്‍ട്ടിലേക്ക് ദേശീയ അന്വേഷണ സംഘം എത്തിയതിന് പിന്നാലെ പുതിയ റിസോര്‍ട്ടിലേക്ക് സംഘത്തെ മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.