ശശികല പുറത്ത്: ചോദിച്ചതെല്ലാം പിടിച്ചുവാങ്ങി ഒപിഎസ്, അമ്മയുടെ ഉറപ്പുകൾ പാലിക്കുമെന്ന് ഇപിഎസ് - പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പനീർശെൽവം
ഇപിഎസും ഒപിഎസും ഒന്നായി: ശശികല പുറത്ത്
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ കലാപത്തിന് താല്‍ക്കാലിക വിരാമം. തര്‍ക്കങ്ങള്‍ മൂലം ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ പളനിസ്വാമി പക്ഷവും ഒ പനീർശെൽവം പക്ഷവും ലയിച്ചു. പാർട്ടി ആസ്ഥാനത്തെത്തിയാണ് പനീർശെൽവം തീരുമാനം അറിയിച്ചത്.
പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർശെൽവം പറഞ്ഞു. അമ്മയുടെ ഉറപ്പുകൾ പാലിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. പനീർശെൽവം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കും. അണ്ണാ ഡിഎംകെയെ നയിക്കാൻ പനീർശെൽവം അധ്യക്ഷനായ പതിനഞ്ചംഗ സമിതിയേയും നിയോഗിച്ചു. ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി സ്ഥാനവും നൽകി. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് നൽകുന്നത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നുതന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവർണർ വിദ്യാസാഗർ റാവു അടിയന്തരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വികെ ശശികലയെ നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി ജനറൽ കൗൺസിൽ വിളിച്ചു ശശികലയുടെ പുറത്താക്കൽ നടപടി പൂർത്തിയാക്കും. അതേസമയം, ടിടിവി ദിനകരൻ വിളിച്ചു ചേർത്ത യോഗത്തിൽ 19 എംഎൽഎമാർ പരസ്യപിന്തുണയുമായി രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി.