ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കാൻ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. ചൈനയിൽ കുടുങ്ങിയവരെ ഇന്ത്യയിൽ തിരികെയെത്തിക്കുന്നതിനായി പ്രത്യേക എയർ ഇന്ത്യ വിമാനം ഉടൻ വുഹാനിലേക്ക് പുറപ്പെടും.
വിമാനം ചൈനയിൽ ഇറക്കാൻ ചൈനീസ് ഗവൺമെന്റ് അനുമതി നൽകി. മുംബൈയിലിന്നുമാണ് പ്രത്യേക എയർ ഇന്ത്യ വിമാനം പുറപ്പെടുക. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഡയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ചൈനയിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കാനുള്ള നടപടി സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകിയിരുന്നു.
പാസ്പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണം എന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിർദേശം നൽകിയിട്ടുണ്ട്. പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് വിവരം അറിയിയ്ക്കാൻ പ്രത്യേക ഇ മെയിൽ ഐഡിയും സജ്ജീകരിച്ചിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകളിലും ബന്ധപ്പെടാം. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനായി പാസ്പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയവരാണ് വിവരങ്ങൾ കൈമാറേണ്ടത്.