കൂട്ടബലാത്സംഗവും കുടുംബാംഗങ്ങളുടെ നഷ്ടവും തീർത്ത വേദനയിൽ ബിൽക്കീസ് ബാനു പറഞ്ഞു - 'മകളെ അഭിഭാഷയാക്കണം'
‘‘ഞാനാഗ്രഹിക്കുന്നത് പ്രതികാരമല്ല, നീതിയാണ്'' - മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞ് തീർത്ത് ബിൽക്കീസ് ബാനു
ബിൽക്കീസ് ബാനു - ഇന്ത്യൻ ജനത മറക്കാൻ ഇടയില്ലാത്ത പേര്. 2002 മാർച്ച് മൂന്നിന് നടന്ന ഗുജറാത്ത് കലാപത്തിൽ ആക്രമിക്കപ്പെടുകയും മറക്കാനാകാത്ത പീഡനാനുഭവങ്ങൾ സമൂഹത്തോട് തുറന്നു പറയുകയും ചെയ്ത പെൺകുട്ടി. കറുത്ത ഓർമകൾ ജീവിതത്തെ ചുഴറ്റിയെറിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബിൽക്കീസ് ബാനുവിന്റെ ജീവിതം പഴയതു പോലെ ആയിട്ടില്ല.
കൂട്ടബലാത്സംഗവും കുടുംബാംഗങ്ങളുടെ തീരാനഷ്ടവും ബിൽക്കീസിന്റെ ജീവിതത്തെ അടിമുടി മാറ്റിയിരുന്നു. മൂത്ത മകളെ നഷ്ടപ്പെട്ട തിരിച്ചറിവിലും ഇളയമകളെ നെഞ്ചോട് ചേർത്തുപിടിച്ച് ഓരോ ദിവസവും തള്ളി നീക്കുമ്പോഴും ബിൽക്കീസിന്റേയും ഭർത്താവ് യാക്കൂബിന്റേയും മനസ്സിൽ ഒന്നേയുള്ളു - നീതി.
നീതി ആവശ്യപ്പെട്ട് അവൾ പൊലിസ് സ്റ്റേഷനുകളിലും കോടതി മുറികളിലും കയറിയിറങ്ങി. കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യം മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. 11 പ്രതികളുടെ ജീവപര്യന്തം മാത്രം ഹൈക്കോടതി ശരിവെച്ചു. ഒടുവിൽ തനിക്ക് നീതി ലഭിച്ചു എന്നായിരുന്നു ബിൽക്കീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
‘‘ഞാനാഗ്രഹിക്കുന്നത് പ്രതികാരമല്ല, നീതിയാണ്’’. വാർത്താ സമ്മേളനത്തിൽ ബിൽക്കീസ് പറഞ്ഞു. തന്റെ ഇളയമകളെ അഭിഭാഷകയാക്കാനുള്ള ഒരുക്കത്തിലാണിപ്പോഴവർ. ഭർത്താവായ യാക്കൂബിനും ഇളയ മകൾക്കുമൊപ്പമായിരുന്നു അവർ മാധ്യമപ്രവർത്തകരെ കണ്ടത്. 15 വർഷത്തിനുള്ളിൽ 25 തവണയാണ് ബിൽക്കീസും ഭർത്താവും അഞ്ചു മക്കളും അടങ്ങുന്ന ഈ കുടുംബത്തിന് വീട് മാറേണ്ടിവന്നത്. ഇടക്കിടെ പരോളിൽ ഇറങ്ങുന്നവരുടെ ഭീഷണിയായിരുന്നു കാരണം.
‘‘ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. ബോംബെ ഹൈകോടതിയുടെ വിധി വളരെ നല്ലതായി തോന്നി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരും ഡോക്ടർമാരും ശിക്ഷിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്. ഇളയ മകളെ ഒരു അഭിഭാഷകയാക്കണമെന്നതാണ് ആഗ്രഹം. മക്കൾക്കെല്ലാവർക്കും വേണ്ട വിദ്യാഭ്യാസം നൽകി ജീവിതത്തിന് പുതിയ പാത ഒരുക്കിക്കൊടുക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ’’- ബിൽക്കീസ് പറഞ്ഞു.
2002 ൽ നടന്ന ഗുജറാത്ത് ഗോദ്ര കലാപത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലാണ് ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. അന്ന് അവൾക്ക് 19 വയസ്സ്. അഞ്ചു മാസം ഗർഭിണിയുമായിരുന്നു. കലാപത്തിനിടെ ബിൽക്കീസ് ഉൾപ്പെടെ 17 പേർ ആക്രമികളിൽ നിന്നും രക്ഷപെട്ട് ട്രക്കിൽ അഭയം പ്രാപിക്കുകയായിരുന്നു. ദൊഹാദ് ജില്ലയിലേക്കായിരുന്നു അവരുടെ യാത്ര.
എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ആൾക്കുട്ടം ട്രക്ക് തടയുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. അന്നത്തെ ദിവസത്തെ കുറിച്ച് ബിൽക്കീസ് തന്നെ പറയുകയുണ്ടായി. ' എന്റെ കുടുംബത്തിലെ നാലു പുരുഷൻമാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ വിവസ്ത്രയാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്റെ ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ആ കുഞ്ഞു ശിരസ് കല്ലിൽ തട്ടി ചിതറിയപ്പോൾ തകർന്നത് എന്റെ ഹൃദയമാണ്'. - ബിൽക്കീസ് പറയുന്നു.
'ക്രൂരമായ ബലാത്സംഗത്തിന് അവരെന്നെ ഇടയാക്കി. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു. അവരുടെ കാലുകൾ എന്റെ വയറ്റിൽ അമർന്നിരിക്കുകയായിരുന്നു. ക്രൂരമായ പീഡനം നടക്കുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ താൻ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നുവെന്ന് ബിൽക്കീസ് പിന്നീട് വ്യക്തമാക്കി.
ആക്രമണം കഴിഞ്ഞപ്പോൾ എനിക്ക് ബോധം വരികയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അതിന് കഴിഞ്ഞില്ല. ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദണ്ഡുകൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയാണ് ആക്രമികൾ ബിൽക്കീസിനെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷപെട്ടപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. അവർ ഭീഷണി മുഴക്കി. കേസ് നൽകിയപ്പോൾ കുടുംബത്തിന് നെരെ ഭീഷണിയുണ്ടായി.