ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരാണ് മമതയുടെ വോട്ട്ബാങ്ക്: തൃണമൂലിനെ പിഴുതെറിയുമെന്ന് അമിത് ഷായുടെ വെല്ലുവിളി

ശനി, 11 ഓഗസ്റ്റ് 2018 (17:33 IST)
കൊൽക്കത്ത: മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ബംഗ്ലാദേശിൽ നിന്നും ബംഗാളിലേക്ക് നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇതിനാലാണെന്നും അമിത് ഷാ പറഞ്ഞു. 
 
പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ വെല്ലുവിളിച്ചു. ബംഗാളിലെ മയോ റോഡില്‍ യുവമോ‌ര്‍ച്ച സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ 
 
എന്തു സംഭവിച്ചാലും ദേശീയ പൗരത്വ രജിസ്റ്ററുമായി ബി​.ജെ.പി മുന്നോട്ട് പോകും. കോണ്‍ഗ്രസിനോ മമതയ്ക്കോ അതിനെ തടയാനാകില്ല. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികള്‍ സമാധാനപരമായി നടക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്നാല്‍ മമത അതിന് തുരങ്കം വയ്ക്കുകയാണ്. 
 
കോൺഗ്രസും തൃണമൂൽ കോൺഗ്രസും ലക്ഷ്യം വക്കുന്നത് വോട്ട് ബാങ്കാണ്. ബി.ജെ.പിയുടെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിന്റെ മഹാനായ മകനാണെന്നും അങ്ങനെയുള്ളപ്പോൾ തനിക്ക് ബംഗാൾ വിരുദ്ധനാകാൻ ആവില്ലെന്നുമായിരുന്നു റാലിക്കെതിരെയുള്ള പ്രതിഷേധങ്ങളോട് അമിത് ഷായുടെ മറുപടി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം; കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിച്ചു - മുഖ്യമന്ത്രി