ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണ് അന്‍സാരിക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തി ഇല്ലാതാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. കഴിഞ്ഞ ദിവസം വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അന്‍സാരി കൊല്ലപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നാണ് പറഞ്ഞിരുന്നത്.
എംജിഎം ജംഷേദ്പൂര്‍ മെഡിക്കല്‍ കോളേജിലെ അഞ്ചംഗ എച്ച്ഒഡികളാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹൃദയാഘാതം മര്‍ദനത്തെ തുടര്‍ന്നുള്ള പരിക്കിലൂടെയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടി തകരുകയും, ആന്തരികാവയവങ്ങളില്‍ രക്തം ഇറങ്ങി, ഹൃദയത്തിന്റെ അറകളില്‍ കട്ടപിടിച്ചെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദനത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍, ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തബ്രേസ് അന്‍സാരിക്ക് തലയ്ക്ക് അടിയേറ്റിരുന്നുവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം. പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.