പോത്തുകച്ചവടത്തിന്റെ പേരില്‍ അക്രമം, പൊലീസ് കേസ് എടുത്തത് പരിക്കേറ്റവര്‍ക്കെതിരെ
പോത്തുകച്ചവടക്കാരെ മേനകയുടെ സംഘടനക്കാർ ആക്രമിച്ചു പരിക്കേറ്റ മൂവരും അറസ്റ്റിൽ
പോത്തുകളെ ലൈസൻസുള്ള അറവുശാലയിലേക്ക് കൊണ്ടുവരികയായിരുന്ന മൂന്ന് യുവാക്കളെ മന്ത്രി മേനക ഗാന്ധിയുടെ സംഘടനയിൽപെട്ട മൃഗരക്ഷകർ ക്രൂരമായി മർദിച്ചു. എന്നാല്‍ സംഭവത്തില്‍ പൊലീസ് മൃഗങ്ങളോട് ക്രൂരത കാണിച്ചെന്ന് ആരോപിച്ച് പരിക്കേറ്റ് ന്യൂഡൽഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് കാലിക്കച്ചവടക്കാരെയും ഡ്രൈവറെയും അറസ്റ്റ് ചെയുകയായിരുന്നു. അതേസമയം ആക്രമണം നടത്തിയ ആരെയും പൊലീസ് പിടികൂടിയില്ല.
ഡൽഹിയിലെ ഗാസിപൂർ ചന്തക്കടുത്തുള്ള അറവുശാലയിലേക്ക് 14 പോത്തുകളുമായി വന്ന ട്രക്ക് ശനിയാഴ്ച അർധരാത്രി കൽകാജി മന്ദിറിനടുത്ത് തടഞ്ഞുനിർത്തിയാണ് ആക്രമണം നടത്തിയത്. ഹരിയാന സ്വദേശികളായ ഡ്രൈവർ റിസ്വാൻ, കാലിക്കച്ചവടക്കാരായ അഷു, കാമിൽ എന്നിവരാണ അക്രമിക്കപ്പെട്ടത്.
എന്നാല്‍ മൃഗങ്ങളെ അനധികൃതമായി കടത്തുന്ന ട്രക്ക് തങ്ങൾ തടഞ്ഞുവെച്ചിട്ടുണ്ടെന്നാണ് പീപ്ൾസ് ഫോർ ആനിമൽസ് പ്രവർത്തകർ അറിയിച്ചത്. സംഭവസ്ഥലത്തെത്തുമ്പോള്‍ മൂവരും അടിയേറ്റ് അവശനിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇവരെ ഉടന്‍ എയിംസ് ട്രോമ സെൻററിലേക്ക് കൊണ്ട് പോയി പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പുലർച്ചെ നാലോടെ കൽകാജി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.