‘പരിശുദ്ധമായ ഈ പാര്‍ട്ടിയെ ചതിക്കില്ലെന്നും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ വഞ്ചിക്കില്ലെന്നും സത്യം ചെയ്യൂ’; ബിജെപിയുടെ ‘കാശ് രാഷ്ട്രീയത്തെ’ ഭയന്ന് ആംആദ്മി പാര്‍ട്ടി
അമ്പരിപ്പിക്കുന്ന ‘സത്യപ്രതിജ്ഞ’യുമായി അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം വികാരാധീനനായി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി യോഗത്തില്‍ ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ജയിച്ച 48 ആംആദ്മി അംഗങ്ങളോട് എത്രപ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിയെ ചതിക്കില്ലെന്ന് സത്യം ചെയ്യാനാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, എല്ലാ കാര്യങ്ങളിലും ജാഗരൂകരായിരിക്കണമെന്നും സത്യസന്ധരായിരിക്കണമെന്നും ആംആദ്മി അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.
ഭൂരിപക്ഷം നേടി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി ആംആദ്മി പാര്‍ട്ടി അംഗങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുമെന്ന ഭയമാണ് ഈ പ്രതിജ്ഞ ചൊല്ലാന്‍ കെജ്‌രിവാളിനെ പ്രേരിപ്പിച്ചത്. അവര്‍ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യും, പത്ത് കോടി വരെ തരാമെന്ന് പറഞ്ഞേക്കും. അത് നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഇത്തരം ഓഫറുമായി ബിജെപി എത്തിയാല്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യണമെന്നും കൗണ്‍സിലര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.