ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 77കാരിയായ ഷെയ്ഖ് ഹസീന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചായിരുന്നു മുന്‍ പ്രധാനമന്ത്രി രാജ്യം വിട്ടത്.
ഓഗസ്റ്റ് 5 മുതല്‍ ഡല്‍ഹിയില്‍ കഴിയുകയാണ് ഹസീന. ഹസീനയ്‌ക്കെതിരെ കൂട്ടക്കൊല കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹസീനയെ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലദേശ് ഔദ്യോഗികമായി നീങ്ങിയിരിക്കുന്നത്. നേരത്തെ ഹസീനക്കെതിരെ ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ബംഗ്ലാദേശിനെതിരെ പ്രസ്താവനകള്‍ നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം.