അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്നലെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
നിലവിൽ യുപി ഗവർണറായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ. പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ നാളെ തന്നെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമെന്നാണ് വിവരം.കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
വിജയ് രൂപാണിയെ മുൻനിർത്തി അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇതാണ് മറ്റൊരു മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിൽ ബിജെപിയെ കൊണ്ടെത്തിച്ചത്.