പാറ്റ്‌ന: ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. 13 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ് സര്‍വീസ് എന്ന പേരിലാണ് ഇവര്‍ റാക്കറ്റ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വാട്ട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഗര്‍ഭധാരണത്തിന് സഹായിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് പണം സമ്പാദിക്കാനാവുമെന്നായിരുന്നു വാദ്ഗാനം. ജോലിക്ക് താത്പര്യമുള്ള പുരുഷന്മാരില്‍ നിന്നും 799 രൂപ ഇവര്‍ രജിസ്‌ട്രേഷന്‍ ഫീസായി ആവശ്യപ്പെട്ടിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ തിരെഞ്ഞെടുക്കാനും അവസരമുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.
സ്ത്രീ ഗര്‍ഭിണിയായാല്‍ 13 ലക്ഷവും അല്ലെങ്കില്‍ 5 ലക്ഷം രൂപയുമായിരുന്നു വാഗ്ദാനം. ബിഹാര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും പ്രിന്ററുകളും പോലീസ് കണ്ടെത്തി. സംഭവത്തില്‍ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.