നോട്ട് നിരോധിക്കൽ: കള്ളപ്പണം ട്രസ്റ്റുകൾ വഴി വെളുപ്പിക്കുന്നു, ട്രസ്റ്റുകൾ കണക്കുകൾ ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
കള്ളപ്പണം: മതസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിനുശേഷം കേന്ദ്ര സർക്കാർ മതസ്ഥാപനങ്ങൾക്കും നോട്ടീസയച്ചു. കൈകാര്യം ചെയ്ത പണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കാണിച്ചാണ് മതസ്ഥാപനങ്ങൾ അടക്കമുള്ള ട്രസ്റ്റുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ എട്ടു മുതൽ 11 വരെ നടത്തിയ പണമിടപാടുകളുടെ കണക്ക് ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
രാജ്യത്തെ 4,500 ട്രസ്റ്റുകളാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാരിന് വിശദീകരണം നൽകേണ്ടത്. ഈ മാസം 18നു മുമ്പായി വിവരങ്ങൾ നൽകണമെന്നാണ് അറിയിപ്പ്. കള്ളപ്പണം ട്രസ്റ്റുകൾ വഴി നൽകി വെളുപ്പുക്കുന്നുണ്ടെന്ന സംശയമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇത്തരത്തിൽ മതസ്ഥാപനങ്ങൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി സൂചന ലഭിച്ചുവെന്ന് ധനമത്രാലയം വ്യക്തമാക്കി. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.