ഡോളറിന് പകരം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സി കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശവുമായി ആര്‍ബിഐ. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ആഗോള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഡോളറിനെ കൂടുതല്‍ ആശ്രയിക്കുന്നത് ഒഴിവാക്കാനും പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കുമെന്ന് ആര്‍ബിഐ പറയുന്നു.
അടുത്ത ബ്രിക്‌സ് ഉച്ച കോടിയില്‍ ഇന്ത്യ ഇകാര്യം പ്രമേയമായി അവതരിപ്പിക്കണമെന്ന് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയെ കൂടാതെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സില്‍ അംഗങ്ങളായിട്ടുള്ളത്. അതേസമയം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സിയുടെ വരവ് അമേരിക്കയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വന്തം കറന്‍സിയുമായി ബ്രിക്‌സ് മുന്നോട്ടു നീങ്ങിയാല്‍ അധിക തീരുവ ചുമത്തുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
അതേസമയം ബ്രിക്‌സ് കറന്‍സി എന്ന ആശയം നിലവില്‍ ഇന്ത്യയുടെ മുന്നിലില്ലെന്നായിരുന്നു ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. നിലവില്‍ മിക്ക രാജ്യങ്ങളുമായി അമേരിക്കന്‍ ഡോളറില്‍ ആണ് ഇന്ത്യ വിദേശ വ്യാപാരം നടത്തുന്നത്. ചില രാജ്യങ്ങളുമായി ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്.