ഠാക്കൂർ വിഭാഗക്കാരനായ യോഗിയുടെ കീഴിൽ ബ്രാഹ്മണർ തഴയപ്പെടുന്നു; ബിജെപിയിൽ ജാതിപ്പോര് രൂക്ഷം
മുൻപ് സമാന രീതിയിൽ ബിജെപിയിലെ ക്ഷത്രിയ വിഭാഗക്കാരായ എംഎൽഎമാരും എംഎൽസിമാരും യോഗം ചേർന്നതും ചർച്ചയായിരുന്നു
ലഖ്നോ: ഉത്തർപ്രദേശ് ബിജെപിയിൽ ജാതിപ്പോര് രൂക്ഷം. പാർട്ടിയിലെ ബ്രാഹ്മണരായ 40 എംഎൽഎമാരും എംഎൽസികളും യോഗം ചേർന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. അർധരാത്രി വരെ നീണ്ട യോഗമായിരുന്നു ഖുശിനഗർ എംഎൽഎ പി എൻ പാഠക്കിൻ്റെ വസതിയിൽ ചൊവ്വാഴ്ച നടന്നത്.
ഠാക്കൂർ വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഭരണത്തിന് കീഴിൽ ബ്രാഹ്മണ വിഭാഗം തഴയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യോഗം. ഇതിനെ എങ്ങനെ ചെറുത്തുനിൽക്കാമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ബ്രാഹ്‌മണർക്ക് ആദരം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി മന്ത്രി പ്രതിഭാ ശുക്ല അക്‌ബർപുർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.
മുൻപ് സമാന രീതിയിൽ ബിജെപിയിലെ ക്ഷത്രിയ വിഭാഗക്കാരായ എംഎൽഎമാരും എംഎൽസിമാരും യോഗം ചേർന്നതും ചർച്ചയായിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ജാതിപ്പോരും തുടർന്നുള്ള യോഗങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഇത്തരം യോഗം ചേരലുകൾ ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത്തരം യോഗങ്ങളും നിലപാടുകളും പാർട്ടിയുടെ അഠിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡിസംബർ 23ന് ലഖ്നൗവിൽ വെച്ചായിരുന്നു ബിജെപിയിലെ ബ്രാഹ്മണ എംഎൽസി, എംഎൽഎമാരുടെ യോഗം. പൂർവാഞ്ചലിൽ നിന്നും ബുന്ദേൽഖണ്ഡിൽ നിന്നുമുള്ള ഏകദേശം 50ഓളം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്നാണ് റിപ്പോർട്ട്.