ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ; ചരിത്രനേട്ടവുമായി ഇന്ത്യ
ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങും. ഇതോടെ അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടവും ചന്ദ്രയാൻ കടന്നിരിക്കുകയാണ്. വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.
അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഇസ്റോ ചെയർമാൻ കെ.ശിവൻ പറഞ്ഞു. സെപ്റ്റംബർ രണ്ടിന് വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.