ചെന്നൈ നഗരത്തിന് ഇത് കറുത്ത ഡിസംബർ! ഓർമകളിൽ ഇനി ഭയം മാത്രം...
ചെന്നൈയെ പിന്തുടരുന്ന 'കാലൻ'; ഡിസംബർ ഓർമകളിൽ കരിനിഴൽ!
ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു സമ്മാനിച്ചത്. സഹനശക്തി, ക്ഷമ തുടങ്ങിയ വികാരങ്ങൾക്ക് അവാർഡു കൊടുക്കുന്നുണ്ടെങ്കിൽ അത് തമിഴ് മക്കൾക്ക് നൽകണം. ഓരോ ആഴ്ചയിലും ചെന്നൈ ഓരോ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്ന് അവസാനിക്കുമ്പോൾ കഴിഞ്ഞല്ലോ എന്ന ആശ്വാസമായിരുന്നു ഓരോർത്തർക്കും. എന്നാൽ, അതിനെയെല്ലാം പൊളിച്ചെറിഞ്ഞായിരിക്കും അടുത്ത പ്രശ്നം രംഗപ്രവേശനം ചെയ്യുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ ഒന്നാകെ ബാധിച്ചപ്പോൾ അക്കൂട്ടത്തിൽ ചെന്നൈയും ഉണ്ടായിരുന്നു. ആ പ്രതിസന്ധി ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ഡിസംബർ 2ന് ചെന്നൈ ഭയന്നതാണ് ഡിസംബർ 12ന് സംഭവിച്ചതെന്ന് ചുരുക്കം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'നാഡ' ചുഴലിക്കാറ്റ് കടുത്ത ഭീതിയുയർത്തി നാശം വിതയ്ക്കാതെ ചെന്നൈ കടന്നുപോയി. അപ്പോൾ തമിഴകം ഒന്നാകെ ആശ്വസിച്ചു.
അതിനു മൂന്ന് ദിവസങ്ങൾ കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ ഡിസംബർ അഞ്ച് തമിഴകമാകെ ഉലഞ്ഞു. തമിഴ്നാടിന്റെ ഉരുക്ക് വനിത (മുഖ്യമന്ത്രി) ജയലളിത മരണപ്പെട്ടു. അമ്മയുടെ വിയോഗം മക്കളെ അക്ഷരാർത്ഥത്തിൽ തകർത്തു. ബന്ദിന് സമാനമായിരുന്നു ആ രണ്ട് ദിവസത്തെ അവസ്ഥ. കടകള്‍ അടഞ്ഞു, പൊതുവാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചു. എന്നാൽ അതിനേയും അതിജീവിച്ച് രണ്ടുദിവസം കൊണ്ട് ചെന്നൈ പഴയ ജീവിതത്തിലേക്ക് തിരികെയെത്തി. പക്ഷേ ദുരിതം ചെന്നൈയുടെ കൂടെതന്നെയുണ്ട് എന്നതിന്റെ വലിയ ഉദാഹരണമായിരുന്നു ഡിസംബർ 12ന് ചെന്നൈയെ ആഞ്ഞടിച്ച് കടന്ന് പോയ 'വർധ' ചുഴലിക്കാറ്റ്.
നഗരം തകര്‍ത്ത് തരിപ്പണമാക്കി, നാശങ്ങൾ വിതച്ച് 'വർധ' അതിന്റെ വഴിക്ക് പോയി. വർധ വന്ന് പോയശേഷം ചെന്നൈ റോഡിലൂടെ നടക്കുമ്പോൾ ഒരുപക്ഷേ ആദ്യം ഓർമ വരിക 'ജുറാസിക് പാർക്ക്' എന്ന ഹോളിവുഡ് സിനിമയാകും. റോഡുകൾ നിറയെ മരങ്ങൾ, വൺവേ ആയിട്ട് കൂടി റോഡ് കാണാനില്ല. മരങ്ങൾക്കിടയിൽ പെട്ടുപോയ വാഹനങ്ങൾ, പൊട്ടിക്കിടക്കുന്ന കേബിളുകൾ, അങ്ങനെ നീളുന്ന നഷ്ടങ്ങളുടെ കണക്ക്. കറന്റില്ല, വെള്ളമില്ല, ലോക്കൽ ട്രെയിനുകളില്ല, പാതി ബസ് സർവീസ് മാത്രം. ഇതിൽ നിന്നും കരകയറാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും. പക്ഷേ, തിരിച്ച് കിട്ടാതെ പൊലിഞ്ഞ് പോയത് പത്തുപേരുടെ ജീവനാണ്.
കടകളില്ല, ഹോട്ടലുകളില്ല. പക്ഷേ ഉച്ചയോടെ എല്ലാം ഭാഗികമായി തുറന്നു. ജനറേറ്റർ ഉള്ള സ്ഥാപനങ്ങളിൽ മാത്രം 'വെട്ടമുണ്ട്'. വർധ വന്ന് പോയ രാത്രി ചെന്നൈ ഇരുട്ടിലായിരുന്നു. അവസാനമായി ചെന്നൈ ഇതുപോലൊരു ഇരുട്ടിലായത് 2015 ഡിസംബറിലായിരുന്നു. ചെന്നൈ നഗരത്തെ വിഴുങ്ങിയ വെള്ളപ്പൊക്കം.
അന്ന് പൊലിഞ്ഞത് നിരവധി ജീവനായിരുന്നു.
കൊടുങ്കാറ്റ് തകർത്തുപോയ നഗരത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോഡിലേക്ക് നിലംപതിച്ച മരങ്ങൾ വെട്ടിമാറ്റുന്ന തിരക്കിലാണ് ആളുകൾ. മരം വെട്ടുകാർക്ക് നല്ല പണികിട്ടിയെന്ന് സാരം.
പല സ്ഥലങ്ങളിലും ആളുകൾ തൊഴിൽ മാറ്റിവെച്ച് മരങ്ങൾ വെട്ടിമാറ്റാൻ സന്നദ്ധരായിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ നൂറ്റിമുപ്പതുമുതല്‍ നൂറ്റിയന്‍പത് കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്.
ഇനിയൊരു പ്രകൃതിദുരന്തം ഈ ഡിസംബറില്‍ ചെന്നൈയെ തേടി എത്താതിരിക്കട്ടെ.