കബാലിയെ തടയാൻ ആർക്കുമാകില്ല!
ലിങ്കയുടെ പ്രശ്നം പരിഹരിക്കാം, ആദ്യം കബാലി റിലീസ് ചെയ്യട്ടെ!
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മാസ് ചിത്രമാണ് കബാലി. കബാലി റിലീസ് ചെയ്യുന്നതിനു മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ലിങ്ക എന്ന പരാജ ചിത്രത്തിന് ശേഷം ഇറങ്ങുന്ന സ്റ്റൈൽ മന്നന്റെ കബാലിയെ കാത്തിരിക്കുന്നത് ഇന്ത്യ മാത്രമല്ല ജപ്പാൻ വരെയാണ്.
ലിങ്ക നിർമാതാവ് നും വിതരണക്കാർക്കും പൈസ തിരിച്ചു കൊടുക്കേണ്ട അവസ്ഥ വരെയെത്തിച്ച പടമായിരുന്നു ലിങ്ക. സൂപ്പർതാരങ്ങളുടെ സിനിമകൾ വൻ തുക മുടക്കി വാങ്ങുന്ന വിതരണക്കാരെയാണ് പരാജയങ്ങൾ എറ്റവും അധികം ബാധിക്കുക. മോശമില്ലാത്ത രീതിയിൽ സിനിമ ഓടിയാലും ഇവർക്ക് മുടക്കുമുതൽ തിരിച്ചു കിട്ടിയെന്നു വരില്ല.
കബാലിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ശുക്ര ഫിലിംസിന്റെ വിതരണക്കാരിൽ ഒരാളായ മഹാപ്രഭു നൽകിയ ഹർജി തള്ളി. ചെന്നൈ ഹൈക്കോടതിയാണ് മഹാപ്രഭുവിന്റെ ഹർജി തള്ളിയത്. ലിങ്ക വിതരണം ചെയ്തതിലൂടെ 9 ലക്ഷം രൂപ നഷ്ടം ഉണ്ടായതായി ഹർജിയിൽ പറയുന്നു. ലിങ്കയുടെ നിർമാതാവ് പണം തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കുന്നതുവരെ രജനിയുടെ പുതിയ ചിത്രമായ കബാലിയുടെ റിലീസ് തടയണമെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്.
എന്നാൽ കബാലിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിക്കളയുകയായിരുന്നു. ലിങ്കയുടെ പ്രശ്നം പുതിയ ഹർജി വഴി പരിഹരിക്കാമെന്ന് ഹർജിക്കാരനോട് കോടതി ഉപദേശിക്കുകയും ചെയ്തു. തടസ്സങ്ങൾ ഒന്നുമില്ലാതെ കബാലി നാളെ തീയേറ്ററുകളിൽ എത്തും.