അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. റസ്റ്റോറന്റ്, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ ഇനിമുതല്‍ ബീഫ് വിളമ്പാനും കഴിക്കാനും പാടില്ലെന്നും സംസ്ഥാനത്ത് പൂര്‍ണ്ണമായി ബീഫ് നിരോധിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെയുണ്ടായിരുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്തിയ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
അസമില്‍ ഒരു പൊതു ഇടങ്ങളിലും ഹോട്ടലുകളിലും ബീഫ് വിളമ്പാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാലിപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ മന്ത്രി പിജൂഷ് ഹസാരിക പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തി. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും അല്ലെങ്കില്‍ പാകിസ്താനില്‍ പോയി താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു.