സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മധുരയില്‍ തുടക്കം. കോണ്‍ഗ്രസില്‍ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 175 പേര്‍ കേരളത്തില്‍ നിന്നാണ്. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ശ്രദ്ധാകേന്ദ്രം.
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട. ഇടതുപക്ഷ ചേരിക്ക് നേതൃത്വം നല്‍കാന്‍ സിപിഎം മുന്‍കൈ എടുക്കും. കോണ്‍ഗ്രസിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
പുതിയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പേരിനാണ് കൂടുതല്‍ പരിഗണന. ഇഎംഎസിനു ശേഷം സിപിഎമ്മിന് കേരളത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയെ ലഭിക്കുമോ എന്ന കാര്യത്തില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ഉത്തരം ലഭിക്കും. ഏപ്രില്‍ അഞ്ചിനു 72 വയസ് തികയുന്ന എം.എ.ബേബി 2012 മുതല്‍ പിബി അംഗമാണ്. ഇത് മൂന്നാം തവണയാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.