ജമ്മു കശ്‌മീരില്‍ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം നടത്താന്‍ ഭീകരര്‍ ഉപയോഗിച്ചത് റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഡി).
ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരനാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ആക്രമണം നടത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയായ് ഇയാള്‍ ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗം കാർ ബോംബ് സ്‌ഫോടനവും.
ഐസ് ഭീകരര്‍ ഇറാഖിലും അഫ്ഗാനിലും ഉപയോഗിക്കുന്നത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ്. സൈന്യം ഉപയോഗിക്കുന്ന തരം ആർട്ടിലറി ഷെല്ലുകളിലോ മറ്റുതരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റർ ഘടിപ്പിച്ചാണ് ഭീകരർ ബോംബ‌് തയാറാക്കുന്നത്.
വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തിൽ ഡിറ്റണേറ്റർ പ്രവർത്തിച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കും. വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉണ്ടെങ്കില്‍ ആഘാതശേഷി ഭീകരമാകും.
ആദിൽ അഹമ്മദ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌കോര്‍പിയോ കാറില്‍ 200 കിലോയിലേറെ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണ് വിവരം. 10-12 കിലോമീറ്റർ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽനിന്ന് 100 മീറ്റർ അകലെ വരെ ചിതറിത്തെറിച്ചു.
ഐഇഡിയുടെ പ്രത്യേകതകള്‍:-
എളുപ്പത്തില്‍ ലഭിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് ഐഇഡി നിര്‍മിക്കാം എന്നതാണ് ഭീകരര്‍ക്ക് നേട്ടമാകുന്നത്. ഐഇഡി ഒരു പ്രത്യേകസ്ഥലത്ത് സ്ഥാപിച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താം. ടൈംപീസ് ഘടിപ്പിച്ച് ഇതില്‍ അലാറം സെറ്റ് ചെയ്താല്‍ അലാറമടിക്കുന്ന സമയത്ത് ബാറ്ററില്‍ നിന്നും വൈദ്യുതി പ്രവഹിച്ച് ബോംബ് പൊട്ടും. ടൈമറിന് പകരം മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കുന്ന രീതിയുമുണ്ട്. ദൂരെനിന്നും മറ്റൊരു മൊബൈലില്‍ നിന്നും ഈ മൊബൈലിലേയ്ക്ക് കോള്‍ ചെയ്യുമ്പോള്‍ സ്‌ഫോടനം നടക്കും.