70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകൾ ഒരു ബാഗ് നിറയെ, ചോദിച്ചപ്പോൾ സുഹൃത്തിന്റേതെന്ന് ഡോക്ടർ; പൊലീസ് അന്വേഷണം ആരംഭിച്ചു
70 ലക്ഷവുമായി ഡോക്ടർ അറസ്റ്റിൽ, മുഴുവൻ 100 ന്റെ നോട്ടുകൾ
70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ. ഡല്‍ഹിയിലെ പഹാര്‍ഗഞ്ജിലാണ് സംഭവം. നോട്ടുകെട്ടുകൾ അടുക്കി ഒരു ബാഗിലാക്കി കാറിൽ അടുക്കിവെക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു വഴിപോക്കനാണ് ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിച്ചത്. കാറിന്റെ നമ്പറും ഇയാൾ പൊലീസിനു പറഞ്ഞു കൊടുത്തു.
കാറിൽ പോകുംവഴി പൊലീസെത്തി കാർ തടഞ്ഞു നിർത്തുകയും പരിശോധിക്കുകയുമായിരുന്നു. പണത്തോടൊപ്പം ഡോക്ടറെ കസ്റ്റഡിയിലെടുത്തു. 69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം.
സുഹൃത്തായ ബിസിനസുകാരന്റേതാണ് പണമെന്നും അദ്ദേഹം സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലേക്ക് പണം കൊണ്ടുപോകുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. പോലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്.