അസാധുനോട്ടുകളാണ് അമ്മയുടെ ആകെ സമ്പാദ്യം, അത് മാറ്റിയെടുക്കാന്‍ കനിവുണ്ടാകണം; പ്രധാനമന്ത്രിക്ക് അനാഥക്കുട്ടികളുടെ നിവേദനം
പഴയ നോട്ടുകൾ മാറ്റാൻ പ്രധാനമന്ത്രിക്ക് കുട്ടികളുടെ നിവേദനം
അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് കിട്ടിയ 96,500 രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അനാഥക്കുട്ടികള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കോട്ട ജില്ലയിലെ സരാവാഡ ഗ്രാമത്തിലാണ് മരിച്ചുപോയ അമ്മ തലയണയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ കണ്ടെടുത്തത്. തുടര്‍ന്നാണ് നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യമുയർന്നത്.
മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കൾ കുട്ടികളെ കയ്യൊഴിഞ്ഞിരുന്നു. തുടര്‍ന്ന് കോട്ടയിലെ സർക്കാർ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. അടച്ചിട്ടിരുന്ന വീട് തുറന്നപ്പോഴാണ് നോട്ടുകൾ കണ്ടെത്തിയത്. അസാധുവായ 1000, 500 നോട്ടുകളാണ് കിട്ടിയത്. തുടര്‍ന്ന് പണം മാറുന്നതിനായി റിസർവ് ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പ്രധാനമന്ത്രിയുടെ സഹായം തേടിയത്.