ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജര്‍ ദിശ സാലിയന്റെ മരണത്തില്‍ പുനരാന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചതോടെ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ വിവാദം. ദിശയുടെ മരണത്തില്‍ ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് ബന്ധമുള്ളതായാണ് കുടുംബത്തിന്റെ ആരോപണം. ദിശയുടെ മരണം സംഭവിച്ച് 7 ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെയും മരണം. ഇതിന് ദിശയുടെ മരണവുമായും ബന്ധമുണ്ടോ എന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്.
അതേസമയം നിലവില്‍ നടക്കുന്നത് തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള നീക്കമാണെന്നാണ് ആദിത്യ താക്കറെയുടെ പ്രതികരണം. 2020ലാണ് മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് ദിശ മരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്ത് സിങ് രജ്പുത്തിനെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സംഭവത്തില്‍ മകനായ ആദിത്യ താക്കറയെ സംരക്ഷിച്ചെന്നും ആദിത്യ താക്കറെയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ദിശയുടെ പിതാവിന്റെ ആവശ്യം.
അതേസമയം ഔറംഗസേബ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ദിശ സാലയന്‍ കേസ് കുത്തിപ്പൊക്കിയിരിക്കുന്നതെന്നും ഹര്‍ജിക്കാരന്റെ പിന്നില്‍ മറ്റ് ശക്തികളുണ്ടെന്നുമാണ് യുബിടിയുടെ പ്രതികരണം. ദിശയുടെ മരണം സംശയം ഉയര്‍ത്തുന്നതാണെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരെ ജയിലില്‍ അടയ്ക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയായ സഞ്ജയ് ശിര്‍സാത്ത് പ്രതികരിച്ചു.