തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച നരേന്ദ്രമോദിയും അമിത് ഷായും ബി ജെ പിയുടെ ഏറ്റവും ഉന്നത നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു. മോദിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളിലും തങ്ങളെ അവഗണിക്കുന്നതിലും വേദനയും അതൃപ്തിയും ഉള്ളവരാണ് അദ്വാനിയും ജോഷിയുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഈ സന്ദര്‍ശനം.
അദ്വാനി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പതിറ്റാണ്ടുകളോളം വിയര്‍പ്പൊഴുക്കിയതിന്‍റെയും അദ്ദേഹം മുന്നോട്ടുവച്ച പുതിയ ആശയസംഹിതകളുടെയും ബലത്തിലാണ് ഇപ്പോഴത്തെ വിജയം സാധ്യമായതെന്ന് മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി തനിച്ച് 300 സീറ്റ് സ്വന്തമാക്കിയിരുന്നു.
താനുള്‍പ്പടെയുള്ള പ്രവര്‍ത്തകരുടെ മെന്‍ററാണ് മുരളി മനോഹര്‍ ജോഷിയെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് ജോഷി വഹിച്ച പങ്കിനെയും മോദി അനുസ്മരിച്ചു.
അദ്വാനിയില്‍ നിന്ന് ഗാന്ധിനഗര്‍ മണ്ഡലം ഏറ്റെടുത്ത അമിത് ഷാ എട്ടുലക്ഷത്തിലധികം വോട്ടുനേടിയാണ് അവിടെ വിജയിച്ചത്. ആറുതവണ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍. കാണ്‍പൂരില്‍ നിന്ന് ജനവിധി തേടാനുള്ള മുരളി മനോഹര്‍ ജോഷിയുടെ അവസരവും ഇത്തവണ നിഷേധിക്കപ്പെട്ടിരുന്നു.
ഈ വിജയം ഇന്ത്യയുടെ വിജയമാണെന്നാണ് അമിത് ഷാ പറഞ്ഞത്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവതയുടെ പ്രതീക്ഷകളുടെയും വിജയമാണിത്. പ്രധാനമന്ത്രി മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെയും ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെയും വിജയമാണിത് - അമിത് ഷാ വ്യക്തമാക്കി.