ഭോപ്പാൽ: വൈദ്യുതി കണക്ഷൻ നൽകുന്നതിന് മുൻപ് തന്നെ കുടുംബത്തിന് വൈദ്യുത ബില്ല് നൽകി വൈദ്യുത വകുപ്പ്. മധ്യപ്രദേശിലെ ചപാരൻ ഗ്രാമത്തിലാണ് വൈദ്യുതി കണക്ഷൻ നൽകാത്ത വീട്ടിൽ വൈദ്യുത ബില്ല് ലഭിച്ചത്. വീട്ടിൽ മീറ്റർ സ്ഥാപിച്ചിട്ടുണ്ട് എന്നല്ലാതെ കണക്ഷൻ നൽകിയിട്ടില്ല.
‘ഇതേവരെ വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് വൈദ്യുതി ലഭിക്കാതെ ബില്ല് മാത്രം ലഭിക്കുന്നത്‘ എന്ന് ഗൃഹനാഥൻ വ്യക്തമാക്കി. സംഭവത്തിൽ വൈദ്യുതി വകുപ്പ് ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി പോസ്റ്റുകൾ പോലും സ്ഥാപിച്ചിട്ടില്ലാത്ത ഇടത്തേക്കാണ് ബില്ല് അയച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം. അതേസമയം ഗ്രാമവാസികൾ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജൂനിയർ എഞ്ചിനിയറെ ചുമതലപ്പെടുത്തിയതായി സൂപ്രണ്ട് എഞ്ചിനിയര്‍ സഞ്ജയ് നിഗം വ്യക്തമാക്കി.