ധോണിക്കും സച്ചിനും പിന്നാലെ ഗോപീചന്ദും
ഗോപീചന്ദ് വെള്ളിത്തിരയിലേക്ക്
കായിക താരങ്ങളുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ കാണികൾക്ക് അതൊരു ആവേശമാണ്. അവിസ്മരണീയമെന്ന് കരുതുന്ന നിമിഷങ്ങൾ മനോഹരമായി ഒരിക്കൽ കൂടി കാണാനുള്ള ആവേശം. മിൽഖാ സിങ്, മേരി കോം, മഹേന്ദ്ര സിങ് ധോണി, സച്ചിൻ എന്നിവരുടെ പട്ടികയിലേക്ക് മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ് കൂടി എത്തുന്നു.
അവസാനമായി റിലീസ് ചെയ്ത ധോണിയുടെ കഥയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സച്ചിന്റെ ജീവിതകഥ പറയുന്ന ചിത്രം ഇതുവരെ രിലീസ് ചെയ്തിട്ടില്ല. ഇതിനു പിന്നാലെയാണ് ഗോപീചന്ദിന്റെ കഥ കൂടി വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് സിനിമ നിര്‍മ്മിക്കുക.
മുൻ ബാഡ്മിന്റൺ താരവും ഗോപീചന്ദിന്റെ തന്നെ ശിഷ്യനുമായ സുധീർ ബാബുവാണ് ഗോപീചന്ദായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ പുരസ്കാര ജേതാവായ പ്രവീൺ സത്താരു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും.