Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മഞ്ജുവിനെ രക്ഷിക്കണം’- ഹൈബി ഈഡനോട് അഭ്യർത്ഥിച്ച് ദിലീപ് !

‘മഞ്ജുവിനെ രക്ഷിക്കണം’- ഹൈബി ഈഡനോട് അഭ്യർത്ഥിച്ച് ദിലീപ് !
, ചൊവ്വ, 20 ഓഗസ്റ്റ് 2019 (14:52 IST)
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കുടുങ്ങിയ 30 മലയാളികൾ അടങ്ങുന്ന സംഘത്തിൽ സംവിധായകൻ സനൽ കുമാർ ശശിധരനും നടി മഞ്ജു വാര്യരുമുണ്ട്. നടി മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ഇക്കാര്യം പുറം‌ലോകത്തെ അറിയിച്ചത്. 
 
പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താൻ കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറിനോട് അഭ്യർത്ഥിച്ചതായി ഹൈബി ഈഡൻ ഫേസ്ബുക്ക് വഴി അറിയിച്ചു. മഞ്ജു അടക്കമുള്ളവർ ഹിമാചലിൽ കുടുങ്ങി കിടക്കുകയാണെന്ന കാര്യം തന്നെ വിളിച്ചറിയിച്ചത് മഞ്ജുവിന്റെ മുൻ ഭർത്താവും നടനുമായ ദിലീപ് ആണെന്നും അവരെ രക്ഷപെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഹൈബി ഈഡൻ വ്യക്തമാക്കുന്നു. 
 
സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയതാണ് മഞ്ജുവും സംവിധായകനും അടക്കമുള്ളവര്‍. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല.  
 
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.
 
നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഉപേക്ഷിക്കാനൊരുങ്ങി എസ്‌ബിഐ !