ഡൽഹിയിൽ പുകമലിനീകരണത്തെ പറ്റിയുള്ള ഉന്നതതലയോഗത്തിൽ പങ്കെടുക്കാതെ ആഘോഷത്തിലായിരുന്ന ബി ജെ പി എം പി കൂടിയായ മുൻ ക്രിക്കറ്റർ ഗൗതം ഗംഭീറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം. ഉന്നതതലയോഗത്തിന്റെ സമയത്ത് ഗംഭീർ ഇൻഡോറിൽ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
ഷെയിം ഓൺ യു ഗൗതം എന്ന പേരിലാണ് ട്വിറ്ററിൽ ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്. ഗംഭീർ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മണാണ് പുറത്തുവിട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
എം പിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്ന് സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചു, ഉന്നതതല യോഗത്തെ പറ്റി ഒരാഴ്ച മുൻപ് തന്നെ ഗംഭീറിന് അറിയിപ്പ് ലഭിച്ചിരുന്നതായും എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിനായി അദ്ദേഹത്തിന് സമയം ഇല്ലാ എന്നത് നിർഭാഗ്യകരമാണെന്നും എ എ പി നേതാവ് അതിഷി പറഞ്ഞു.
ഹരിയാന,പഞ്ചാബ്,ഉത്തർപ്രദേശ്,ഡൽഹി രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലുൾപ്പടെ 21 ലോക്സഭാ അംഗങ്ങളും 8 രാജ്യസഭാ അംഗങ്ങളും പങ്കെടുക്കേണ്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിൽ 4 പേർ മാത്രമാണ് എത്തിചേർന്നത്. ഔധ്യോഗിക പ്രതിനിധികൾ ആരും തന്നെ എത്തിചേരാതിരുന്നതിനാൽ ഉന്നതതല മീറ്റിങ്ങ് മാറ്റിവെച്ചു. എന്ത് കൊണ്ടാണ് പ്രതിനിധികൾ പങ്കെടുക്കാത്തത് എന്നതിനെ പറ്റി ആരായുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
എന്നാൽ താൻ പദവി ഏറ്റടുത്തത് മുതൽ ഡൽഹിയുടെ മലിനീകരണം കുറക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും തന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും വിഷയത്തിൽ ഗൗതം ഗംഭീർ പ്രതികരിച്ചു. എന്നെ ചീത്ത വിളിച്ചത് കൊണ്ട് ഡൽഹിയിലെ മലിനീകരണം മാറുമെങ്കിൽ ഇഷ്ടം പോലെ ചീത്ത വിളിച്ചോളു എന്നാണ് തനിക്കെതിരെള്ള ആരോപണങ്ങളൊട് ഗംഭീറിന്റെ പ്രതികരണം.