ഇന്ത്യ സർജിക്കൽ സ്ട്രൈക് നടത്തിയിട്ടില്ല?!
ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് പാക് സൈനിക മേധാവി
പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് ഇന്ത്യൻ സൈന്യം കണക്ക് ചോദിച്ച ദിവസമായിരുന്നു സെപ്തംബർ 29. എന്നാൽ, പാക് അധിനിവെശ കശ്മീരിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന കാര്യം തള്ളി പുതിയ പാക്ക് സൈനിക മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‍വയും രംഗത്ത്. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ പാക്ക് സൈന്യം പുർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പുതിയ കരസേനമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയെന്നോണം പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആവശ്യം വന്നാൽ ഇനിയും മിന്നലാക്രമണങ്ങൾ നടത്തുമെന്നായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്.
സെപ്റ്റംബർ 29നായിരുന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ചിങ് പാഡിൽ ഇന്ത്യൻസേന മിന്നലാക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക ക്യാംപിനു നേരെ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയെന്നോണമായിരുന്നു മിന്നലാക്രമണം. എന്നാൽ, മിന്നലാക്രമണം നടത്തിയെന്ന വിഷയം ഇതുവരെ പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല.