അഞ്ഞൂറിനും ആയിരത്തിനും പിന്നാലെ നൂറിന്റെ നോട്ടും പടിക്ക് പുറത്തേക്ക്!
100 രൂപ നോട്ടുകളും പിൻവലിക്കും
500, 1000 നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ഇന്ത്യയിൽ നിന്നും 100 രൂപ നോട്ടുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ. 100, 50, 20, 10 എന്നീ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിച്ച് പുതിയ നോട്ടുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ 500, 1000 രൂപകൾ പിൻവലിച്ചതോടെയുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. ഇതിനിടെയാണ് പുതിയ നടപടിയും കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള എല്ലാ നോട്ടുകളും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
100നു താഴേക്കുള്ള നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി എപ്പോഴായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വലിയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.