ലഖ്നൗ: വരൻ വിവാഹവേദിയിൽ വെച്ച് പരസ്യമായി ചുംബിച്ചതിൽ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഉത്തർപ്രദേശിലെ സംഫാലിലെ വിവാഹചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ. മാലകൾ കൈമാറുന്നതിനിടെയായിരുന്നു വരൻ വധുവിനെ ചുംബിച്ചത്.
ഇത് ഇഷ്ടപ്പെടാതെ വിവാഹവേദിയിൽ നിന്നും ഇറങ്ങിപോയ 23കാരിയായ വധു പോലീസിനെ വിളിക്കുകയും ചെയ്തു. 300ഓളം അതിഥികൾ സദസിലിരിക്കെ പരസ്യമായി ചുംബിച്ചത് തന്നെ അപമാനിക്കുന്നതാണെന്നും തൻ്റെ സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് വരൻ അത്തരത്തിൽ ചെയ്തതെന്നും വധു ആരോപിച്ചു. തൻ്റെ ആത്മാഭിമാനത്തെ പരിഗണിക്കാതെയായിരുന്നു വരൻ്റെ പ്രവർത്തിയെന്നും വധു പോലീസിനോട് പറഞ്ഞു.
പ്രശ്നം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് സമ്മതമല്ലെന്ന് വ്യക്തമാക്കി. ഇതോടെ കല്യാണം മുടങ്ങുകയും അതിഥികൾ എല്ലാം പിരിഞ്ഞുപോവുകയും ചെയ്യുകയായിരുന്നു.