വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവും കുടുംബവും. ഗുജറാത്തിലെ ഫറോച്ച് ജില്ലയിലെ കരോലി ഗ്രാമത്തിലാണ് സംഭവം. മഹേഷ് ഫുള്‍മാലി എന്ന യുവാവിന്റെ വീടും ബന്ധുക്കളുടെ വീടുകളുമാണ് തകര്‍ത്തത്.
ഒരാഴ്ച മുമ്പാണ് മഹേഷ് ആനന്ദ് ജില്ലയിലുള്ള ഒരു യുവതിയുമായി ഒളിച്ചോടിയത്. പിന്നാലെ യുവതിയുടെ കുടുംബം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവരെ കണ്ടെത്താത്തിന് പിന്നാലെയാണ് മഹേഷിന്റെ വീട്ടിലേക്ക് ബുള്‍ഡോസറുമായി എത്തിയത്. സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുള്‍ഡോസര്‍ കണ്ടുകിട്ടിയിട്ടുണ്ട്.