‘കുറച്ചു മാത്രം സംസാരിക്കും, ആരെയും ഭയമില്ല, വിട്ടുവീഴ്‌ച പ്രതീക്ഷിക്കേണ്ട’; റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്‌ജി നിസാരക്കാരനല്ല
‘കുറച്ചു മാത്രം സംസാരിക്കും, ആരെയും ഭയമില്ല, വിട്ടുവീഴ്‌ച പ്രതീക്ഷിക്കേണ്ട’; റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്‌ജി നിസാരക്കാരനല്ല
മാനഭംഗക്കേസിൽ ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്‌ജി ആരാണെന്ന ചര്‍ച്ച മാധ്യമങ്ങളിലടക്കം സജീവമാണ്. 15 വർഷമായി ആരും ശ്രദ്ധിക്കാതിരുന്ന കേസില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതെ നിയമ പുസ്‌തകങ്ങളെ മാത്രം മാനിച്ച് ധീരമായി വിധി പറഞ്ഞത് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗാണ്.
രാഷ്‌ട്രീയതലത്തിലെ സ്വാധീന ശക്തിക്കൊപ്പം കോടിക്കണക്കിന് അനുയായികളുമുള്ള ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച ജഗ്ദീപ് സിംഗിനെ അഭിനന്ദിച്ച് ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
ദേശീയശ്രദ്ധ മുഴുവൻ ആകര്‍ഷിച്ച കേസില്‍ വിധി പറഞ്ഞ ജഗ്ദീപ് സിംഗ് കര്‍ക്കശക്കാരനായ ജഡ്ജിയാണെന്നാണ് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതിരിക്കുകയും എല്ലാം നേർവഴിക്കു നീങ്ങണമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന വ്യക്തിയായതിനാല്‍ അഭിഭാഷകര്‍ക്കിടെയിലും സഹപ്രവര്‍ത്തകര്‍ക്കിടെയില്‍ ജഗ്ദീപ് സിംഗിന് വലിയ ബഹുമാനമാണ് ലഭിക്കുന്നത്.
വളരെ കുറച്ചു മാത്രം സംസാരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന ജഗ്ദീപ് സിംഗ് പ്രശസ്തി ആഗ്രഹിക്കുന്ന വ്യക്തിയല്ലെന്നാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന ഒരു അഭിഭാഷകൻ പറയുന്നത്. നാട്ടുകാര്‍ക്കിടെയിലും ജഗ്ദീപ് സിംഗിന് വീരപരിവേഷമാണുള്ളത്.
ഹിസാറിൽനിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെ റോഡ് അപകടത്തില്‍ പരുക്കേറ്റവരെ കണ്ട് കാര്‍ നിറുത്തുകയും സ്വന്തം സുരക്ഷ അവഗണിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌ത സിംഗിന്റെ പ്രവര്‍ത്തി ഇപ്പോഴും ജനങ്ങള്‍ മറന്നിട്ടില്ല.
തിങ്കളാഴ്ച ഗുർമീത് റാം റഹിം സിംഗിന് ശിക്ഷ പറയാനിരിക്കെ ശക്തമായ സുരക്ഷയുടെ നടുവിലാണ് ജഗ്ദീപ് സിംഗ്. അതേസമയം, സുരക്ഷ ശക്തമാക്കിയതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടായിരത്തില്‍ നിയമബിരുദം സമ്പാദിച്ച സിംഗ് 2000– 2012 കാലഘട്ടത്തിൽ പഞ്ചാബ്– ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള സിവിൽ, ക്രിമിനൽ അഭിഭാഷകനായിരുന്നു. 2012ല്‍ ഹരിയാന ജുഡിഷ്യൽ സർവീസസിൽ ചേർന്നു. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. 2016ലാണ് സിബിഐ സ്പെഷൽ ജഡ്ജ് ആയി ജഗ്ദീപ് സിംഗിന് നിയമനം ലഭിച്ചത്.