രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഇതുവരെ 5,865 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം രാജ്യത്ത് 478 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.രാജ്യത്ത് സുരക്ഷാ വസ്ത്രങ്ങൾ, മാസ്‌കുകൾ,വെന്റിലേറ്ററുകൾ എന്നിവയുടെ വിതരണം ആരംഭിച്ചതായി അരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെയില്‍വേ 2,500 ഡോക്ടര്‍മാരേയും 35,000 പാരാമെഡിക്കല്‍ ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ട്.
80,000 ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 5,000 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ഇതിൽ 3,250 വാർഡുകൾ സജ്ജമാണ്.റെയില്‍വേയുടെ കീഴിലുള്ള 586 ഹെല്‍ത്ത് യൂണിറ്റുകള്‍, 45 സബ് ഡിവിഷണല്‍ ആശുപത്രികള്‍, 56 ഡിവിഷണല്‍ ആശുപത്രികള്‍, എട്ട് പ്രൊഡക്ഷന്‍ യൂണിറ്റ് ആശുപത്രികള്‍, 16 സോണല്‍ ആശുപത്രികള്‍ എന്നിവ കൊവിഡ് ചികിത്സക്കായി മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.