Operation Sindoor: ഇന്ത്യക്കാർ മോക്ഡ്രില്ലിനായി കാത്തിരുന്നു, എന്നാൽ നടന്നത് യഥാർഥ ആക്രമണം, ദൗത്യം നിരീക്ഷിച്ച് മോദി
ബുധനാഴ്ച രാജ്യവ്യാപകമായി നടക്കാനിരുന്ന മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പെയായിരുന്നു ഇന്ത്യന്‍ ആക്രമണം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ബുധനാഴ്ച രാജ്യവ്യാപകമായി നടക്കാനിരുന്ന മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പെയായിരുന്നു ഇന്ത്യന്‍ ആക്രമണം. ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ബുധനാഴ്ച യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു വ്യോമസേന ആദ്യം അറിയിച്ചിരുന്നത്. ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ആ പരിശീലനം നടത്തുന്നതിന് മുന്‍പായി പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് അതിര്‍ത്തി കടന്നും പാക് അധീന കശ്മീരിലുമായി 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1:44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ഇന്ന് ബുധനാഴ്ഛ രാത്രി 9 മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിക്കുമാണ് മോക്ഡ്രില്‍ തീരുമാനിച്ചിരുന്നത്. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ ജനങ്ങളെ തയ്യാറാക്കുന്നതിനായി 259 ഇടങ്ങളില്‍ മോക്ഡ്രില്ലുകളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ യുദ്ധാഭ്യാസത്തിനും മോക്ഡ്രില്ലിനും മുന്‍പെയായി ആക്രമണം നടക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിരുന്ന് രാത്രി മുഴുവനായി ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടങ്ങളാണ് ഇന്ത്യ തിരിച്ചടിക്കായി തെരെഞ്ഞെടുത്തത്. പാകിസ്ഥാനിലെ 4 ഭീകര കേന്ദ്രങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്.