ദേവാസ് ആൻട്രിക്സ് ഇടപാട്: ഐഎസ്ആർഒക്ക് തിരിച്ചടി, ഇന്ത്യ 100 കോടി ഡോളർ നൽകേണ്ടി വന്നേക്കും
ദേവാസ് ഇടപാട്: ഇന്ത്യ 100 കോടി ഡോളർ നൽകേണ്ടി വന്നേക്കും
ദേവാസ് മൾട്ടീമീഡിയയും ആന്‍ട്രിക്സ് കോര്‍പ്പറേഷനും തമ്മിലുള്ള കേസിൽ ഐ എസ് ആർ ഒയ്ക്ക് വൻ തിരിച്ചടി. കേസിൽ ദേവാസിന് ഐ എസ് ആർ ഒ നഷ്ടപരിഹാരം നൽകണമെന്ന് ഹേഗിലെ രാജ്യാന്തര കോടതി നിർദേശിച്ചു. ഏകദേശം നൂറു കോടി ഡോളർ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് സൂചന.
കരാർ റദ്ദാക്കിയതിനെതിരെ ദേവാസ് നിക്ഷേപകർ നൽകിയ പരാതിയിലാണ് വിധി. നിക്ഷേപകർക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കരാർ റദ്ദാക്കിയതിലൂടെ ദേവാസ് കമ്പനിയോട് ഇന്ത്യ മോശമായ രീതിയിൽ പ്രവർത്തിച്ചുവെന്ന് കോടതി നിരീഷിച്ചു.
2005 ജനവരിയിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു. 2ജി സ്‌പെക്ട്രം കുംഭകോണത്തിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രസര്‍ക്കാറിന് ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു.