ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ മണിക്കൂറുകളോളം താണ്ഡവമാടി; ആക്രമണം ‘ഒരു ഈച്ച’ പോലും അറിഞ്ഞില്ല - ഇന്ത്യന്‍ ഓപ്പറേഷന്‍ ഇങ്ങനെ
‘ഒരു ഈച്ച’ പോലും അറിഞ്ഞില്ല - അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ഓപ്പറേഷന്‍ ഇങ്ങനെ
ഉറി ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി ബന്ധം വഷളായ ഇന്ത്യ തിരിച്ചടികളുടെ പാതയില്‍. അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ തമ്പടിച്ചിരുന്ന ഭീകരരെ വധിച്ച ഇന്ത്യ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ ഒരു ‘ഈച്ച’ പോലും അറിഞ്ഞില്ല എന്നതാണ് വസ്‌തുത.
നിയന്ത്രണരേഖയോടു ചേർന്നു പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ അഞ്ച് ഭീകര താവളങ്ങൾ ഉള്ളതായും അവിടെ ഭീകരര്‍ ക്യാമ്പ് ചെയ്യുന്നതായും റിപ്പോര്‍ട്ട് ലഭിച്ച ഇന്ത്യന്‍ സൈന്യം തിരിച്ചടിക്ക് ബുധനാഴ്‌ച വൈകുന്നേരത്തോടെ ഒരുങ്ങിയി. വിവിധ ഭീകരസംഘടനകളുടെ ക്യാമ്പുകള്‍ പാക് പ്രദേശത്തുണ്ടെന്ന് മനസിലാക്കിയ ഇന്ത്യ കരസേനയുടെ പാരട്രൂപ്പ് വിഭാഗത്തെ ആക്രമണത്തിന് നിയോഗിക്കുകയായിരുന്നു.
2.30ഓടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ കടന്ന ഇന്ത്യന്‍ സൈന്യം ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അഞ്ച് ക്യാമ്പുകളിലും അഞ്ച് ടീമുകളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.
അപ്രതീക്ഷിതമായുണ്ടായ അക്രമണത്തില്‍ പകച്ച ഭീകരര്‍ക്ക് പ്രത്യാക്രമണം നടത്താന്‍ കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ സൈന്യം ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ എട്ടുമണിയോടെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാത്രി 12.30മുതല്‍ ആക്രമണം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പതിനെട്ട് ഭീകരരും രണ്ട് പാക് സൈനികരുമാണ് ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. അതേസമയം, മിന്നലാക്രമണത്തെത്തുടർന്ന് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്നു നാലുമണിക്കാണ് യോഗം.
കഴിഞ്ഞ ദിവസം മനോഹർ പരീക്കർ സൈന്യത്തിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. കര–നാവിക–വ്യോമ സേനാ മേധാവികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷമാണ് പരീക്കര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാനും ഏതെങ്കിലും തരത്തിലുള്ള ആക്രമണ സാഹചര്യമുണ്ടായാല്‍ തിരിച്ചടി നല്‍കാനുമാണ് പരീക്കർ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനേത്തുടര്‍ന്നാണ് പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്.