ഒറ്റരാത്രികൊണ്ട് രാഹുലും മോദിക്കൊപ്പം; നയം വ്യക്തമാക്കിയത് ഉത്തർപ്രദേശില്‍ വച്ച്
എതിര്‍പ്പില്ലാതെ രാഹുലും മോദിക്കൊപ്പം; കാരണങ്ങള്‍ പലത്
ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നൽകിയ തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
അധികാരത്തിലേറി രണ്ടര വർഷമായെങ്കിലും മോദിയിൽനിന്ന് പ്രധാനമന്ത്രിക്ക് ചേരുന്ന ഒരു നടപടി ഉണ്ടാകുന്നത് ഇതാദ്യമാണ്. പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പ്രവർത്തിക്കുമ്പോൾ ഞാനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അദ്ദേഹത്തിന് എന്റെ മുഴുവൻ പിന്തുണയും നല്‍കുന്നു. രാജ്യം മുഴുവൻ ഇന്ന് അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. രാജ്യത്തെ സംരക്ഷിക്കാനായി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ജവാന്മാർക്ക് അദ്ദേഹം ആദരവ് നൽകിയിരിക്കുകയാണെന്നും കിസാൻ യാത്രയുടെ ഭാഗമായി ഉത്തർപ്രദേശില്‍ വച്ച് രാഹുല്‍ വ്യക്തമാക്കി.
അതിർത്തിയിലെ ഇന്ത്യൻ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു.