ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ അമേരിക്കയില്‍ നിന്ന് മകള്‍ക്കൊപ്പം യുവതി സഞ്ചരിച്ചത് 8000കിലോമീറ്റര്‍. അമേരിക്കക്കാരിയായ നൈന കലാ പൗഡേല്‍ ആണ് തന്റെ കാമുകനെ തേടി ബീഹാറിലെ കിഷന്‍ ഗഞ്ചിലെത്തിയത്. തന്റെ 11വയസ് മാത്രം പ്രായമുള്ള മകള്‍ യൂനിസ് ബിസ്വക്കൊപ്പമാണ് യുവതി എത്തിയത്. ഫേസ്ബുക്കിലൂടെയാണ് നൈന നീമ തമങ് എന്ന യുവാവുമായി പരിചയത്തിലാകുന്നത്. രണ്ടുപേരും ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് പ്രണയത്തിലാകുകയായിരുന്നു.
മാര്‍ച്ച് 21നായിരുന്നു യുവതി ബീഹാറിലെത്തിയത്. ഏപ്രില്‍ 13ന് ഇരുവരും വിവാഹം ചെയ്തു.ഇതിന് ശേഷം അലപുര്‍ദൂര്‍ ജില്ലയില്‍ നിന്ന് നീമാ തമങ് 10000രൂപ കൊടുത്ത് യുവതിക്കും മകള്‍ക്കും വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ചു. ഏപ്രില്‍ 23ന് വ്യാജ ആധാര്‍ ഉപയോഗിച്ച് ഇവര്‍ നേപ്പാളില്‍ ഹണിമൂണിന് പോയി. മെയ് ഏഴിന് തിരിച്ച് വരുമ്പോള്‍ അതിര്‍ത്തിയില്‍ വച്ച് മൂന്നുപേരെയും പൊലീസ് പിടികൂടി. യുവതിക്ക് 40വയസും യുവാവിന് 33മായിരുന്നു പ്രായം. യുവാവിനെയും യുവതിയേയും പൊലീസ് അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മകളുടെ വിസ കാലാവധി കഴിഞ്ഞതിനാല്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.