നാട്ടുകാരുടെ മുന്നിലിട്ട് സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎൽഎ; ബിജെപി നേതാവ് വിജയ് വാർഗിയയുടെ മകൻ വിവാദത്തിൽ
ഇൻഡോറിലെ ഗഞ്ചി കോമ്പൌണ്ട് ഭാഗത്തുള്ള പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടം പൊളിച്ച് നീക്കാനെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെയാണ് ആകാശ് അടിച്ചോടിച്ചത്.
മധ്യപ്രദേശിൽ ബിജെപി എംഎൽഎ സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടാക്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ഇൻഡോർ-3 മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ആകാശ് വിജയ് വാർഗീയയാണ് ഒരു മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചത്. ബിജെപി ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ വർഗീയയുടെ മകനാണ് ആകാശ്.
ഇൻഡോറിലെ ഗഞ്ചി കോമ്പൌണ്ട് ഭാഗത്തുള്ള പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടം പൊളിച്ച് നീക്കാനെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെയാണ് ആകാശ് അടിച്ചോടിച്ചത്. മഴക്കാലമായാൽ ഇത്തരം കെട്ടിടങ്ങൾ പൊളിഞ്ഞുവീണ് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണവ പൊളിച്ചുനീക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
പത്തുമിനിട്ടിനുള്ളിൽ സ്ഥലം കാലിയാക്കണമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു എംഎൽഎ ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. സ്ഥലവാസികളാണ് ആകാശിനെ വിളിച്ചുവരുത്തിയത്.