ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ട സംഭവം: സ്വാതിയുടെ സമീപവാസിയായ യുവാവ് പിടിയില്‍, പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
ജൂണ്‍ 24ആം തിയതി രാവിലെ 06.50നാണ് സ്വാതി റെയില്‍വേ സ്റ്റേഷനില്‍ വെട്ടേറ്റ് മരിച്ചത്
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി നുങ്കമ്പാക്കം സബേർബൻ റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ എന്ന യുവാവാവാണ് വെള്ളിയാഴ്‌ച രാത്രി ചെങ്കോട്ടയിൽ പിടിയിലായത്.
മൂന്നു വർഷമായി രാംകുമാർ ചെന്നൈ ചൂളൈമേട്ടിലുള്ള സ്വാതിയുടെ വീടിന് സമീപമാണ് രാംകുമാർ താമസിക്കുന്നത്.
സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലിൽനിന്ന് അവസാനം സിഗ്നൽ ലഭിച്ചതും ഇവിടെനിന്നാണ്. സ്വാതി കൊല്ലപ്പെട്ടതിന് ശേഷം ഇയാള്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതായി മനസിലാക്കിയ അന്വേഷണ സംഘം രാംകുമാറിനെ പിന്തുടരുകയായിരുകയും ചെങ്കോട്ടയിൽ ഉണ്ടെന്നും തിരിച്ചറിയുകയായിരുന്നു.
ചെങ്കോട്ടയിൽ എത്തിയ പൊലീസ് രാംകുമാറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
ജൂണ്‍ 24ആം തിയതി രാവിലെ 06.50നാണ് സ്വാതി റെയില്‍വേ സ്റ്റേഷനില്‍ വെട്ടേറ്റ് മരിച്ചത്. അതിനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ ആറിനോ ഏഴിനോ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന സ്വാതിക്ക് സമീപത്തേക്ക് ഒരു യുവാവ് ചെല്ലുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും സ്വാതിയും യുവാവും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. ഇയാൾ പ്രണയാഭ്യർഥന നടത്തുകയും യുവതി അതു നിരസിക്കുകയും ചെയ്തതായി പറയുന്നു. 2014ൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ സ്വാതി കഴിഞ്ഞ വർഷമാണ് ഇൻഫോസിസിൽ ജോലിക്കു ചേർന്നത്.