ആനകളെ എഴുന്നള്ളിക്കാമെങ്കില്‍ ജല്ലിക്കെട്ടിന് എന്തിന് നിരോധനമെന്ന് കമല്‍ഹാസന്‍
ജല്ലിക്കെട്ടിന് പിന്തുണയുമായി കമല്‍ഹാസന്‍
ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയിരിക്കേ ജല്ലിക്കെട്ട് മാത്രം എന്തിന് നിരോധിക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ട് നിരോധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും നടന്‍ ആരോപിച്ചു.
മദമിളകിയ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ ആണ് കേരളത്തില്‍ മരിക്കുന്നത്. നിരവധി നാശനഷ്‌ടങ്ങള്‍ ഉണ്ടാകുന്നു. എന്നിട്ട് അവയെ ഇപ്പോഴും ഉത്സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഉപയോഗിക്കുന്നു. ഇതൊന്നും നിരോധിക്കപ്പെടുന്നില്ല. പിന്നെ, എന്തിനാണ് തമിഴ്നാട്ടിലെ ജല്ലിക്കെട്ട് മാത്രം നിരോധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാംസത്തിനു വേണ്ടി മാടുകളെ കൊല്ലുന്നു. അതിനിവിടെ നിരോധനമില്ല. ജല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ എത്രയോ പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. എന്നിട്ട് വാഹനങ്ങള്‍ നിരോധിച്ചിട്ടില്ല. അപകടകരമാണെന്ന് അറിയുമെങ്കിലും മോട്ടോര്‍ റേസിങ് നിരോധിക്കുന്നില്ല. ജല്ലിക്കെട്ടിന് മാത്രമാണ് നിരോധനമുള്ളതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജല്ലിക്കെട്ട് കഴിഞ്ഞാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ ഈ കാളകളെ നല്ല ഭക്ഷണവും മറ്റും കൊടുത്ത് പരിപാലിക്കുകയാണ്. എന്തു തരത്തിലുള്ള നിരോധനത്തിനും താന്‍ എതിരാണെന്നും ജനങ്ങള്‍ക്കു മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇങ്ങനെ അടിച്ചേല്‍പ്പിച്ചപ്പോഴാണ് ഹിന്ദിക്കെതിരെ പ്രക്ഷോഭം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മറീനയില്‍ ഒരു പ്രശ്നവും ഉണ്ടായില്ല. ഒരു നൂറ് നിര്‍ഭയമാരെ നമുക്ക് അവിടെ കാണാമായിരുന്നു. അതില്‍ അഭിമാനമാണ് തനിക്ക് തോന്നുന്നതെന്നും എന്നാല്‍, പൊലീസ് അവിടെ പ്രശ്നം ഉണ്ടാക്കിയത് ആശങ്കാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.