സഖ്യസർക്കാർ വീഴുമോ?കർണാടക ഭരണപ്രതിസന്ധിയിൽ സുപ്രീംകോടതി വിധി ഇന്ന്
കര്‍ണാടകത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.
കർണ്ണാടക ഭരണപ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് വിധി പറയുക. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ സ്വീകരിക്കുന്ന നിലപാടിന് സാധുതയുണ്ടോയെന്ന് കോടതി തീരുമാനിക്കും. ഉടൻ രാജി സ്വീകരിക്കാൻ ഉത്തരവിടണമെന്ന വിമത എംഎൽഎമാരുടെ ആവശ്യത്തിലും കോടതി തീർപ്പ് കൽപ്പിക്കും. കര്‍ണാടകത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.
ജൂലായ് ആറിന് എംഎല്‍എമാർ രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനാലാണ് എംഎൽഎമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി.