കര്‍ണാടകയില്‍ കാര്യങ്ങള്‍ തിരിച്ചാണ്: ബിയര്‍ ഇവിടെ കിട്ടില്ല; ജനങ്ങള്‍ മദ്യം നന്നായി കുടിക്കുന്നതാണ് സര്‍ക്കാരിനും ഇഷ്‌ടം
കര്‍ണാടകയില്‍ കാര്യങ്ങള്‍ തിരിച്ചാണ്: ബിയര്‍ ഇവിടെ കിട്ടില്ല; ജനങ്ങള്‍ മദ്യം നന്നായി കുടിക്കുന്നതാണ് സര്‍ക്കാരിനും ഇഷ്‌ടം
മദ്യനിരോധനവും മദ്യത്തിനെതിരെയുള്ള ബോധവത്കരണവും അയല്‍സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നയം ആകുമ്പോള്‍ ജനങ്ങള്‍ മദ്യം കഴിക്കുന്നത് പരോക്ഷമായി പ്രോത്സാഹിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. മദ്യശാലകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഇത് പ്രകടമാക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശമാണ് എക്സൈസ് വകുപ്പ് നല്കിയിരിക്കുന്നത്.
ബിയറിന്റെ വില്പന കുറച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവില്പന ഉയര്‍ത്തണമെന്നാണ് എക്സൈസ് വകുപ്പ് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാനഭാഗം എന്നു പറയുന്നത് മദ്യത്തിന്മേലുള്ള നികുതിയാണ്. ഇതാണ് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും. കര്‍ണാടക സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ആണ് സംസ്ഥാനത്തെ മദ്യത്തിന്റെ വിതരണക്കാര്‍.
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍ക്കാന്‍ മിക്ക റസ്റ്റോറന്റുകളും സര്‍ക്കാരിനാല്‍ നിര്‍ബന്ധിതമാകുന്നു എന്നതാണ് മറ്റൊരു വസ്തുത. 50 ലിറ്റര്‍ മദ്യം തങ്ങള്‍ക്ക് അനുവദിച്ചു തരുമ്പോള്‍ 10 ലിറ്റര്‍ ബിയര്‍ മാത്രമാണ് അനുവദിച്ചു കിട്ടുന്നതെന്ന് ദേശീയ റസ്റ്റോറന്റ് അസോസിയേഷന്റെ ബംഗളൂരു ചാപ്‌റ്റര്‍ തലവന്‍ ആഷിഷ് കോത്താരി പറഞ്ഞു.
ബിയറിനെ അപേക്ഷിച്ച് മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതലാണ്. അതുകൊണ്ടു തന്നെ മദ്യം ബിയറിനേക്കാള്‍ അപകടകാരിയാണെന്നും കോത്താരി വ്യക്തമാക്കി. യുവജനങ്ങളില്‍ കൂടുതലും മദ്യത്തിനേക്കാള്‍ ബിയര്‍ കഴിക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. എന്നാല്‍, ബിയര്‍ അനുവദിച്ചു കിട്ടാത്തത്
റസ്റ്റോറന്റുകളുടെ ബിസിനസിനെയും ബാധിച്ചിരിക്കുകയാണ്.