എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷനായ രാജ് ഷെഖാവത്താണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ പണം ഉപയോഗിക്കാമെന്നാണ് വീഡിയോ സന്ദേശത്തില്‍ ഷെഖാവത്ത് അറിയിച്ചിരിക്കുന്നത്. ബിഷ്‌ണോയിയുടെയും അയാളുടെ കൂട്ടാളികളുടെയും ഭീഷണി തടയാന്‍ കഴിയാത്തതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെയും ഷെഖാവത്ത് രൂക്ഷമായി വിമര്‍ശിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഗുജറാത്തിലെ സബര്‍മതിയിലുള്ള ലോറന്‍സ് ബിഷ്‌ണോയിയെ ബാബ സിദ്ദിഖ് കൊലപാതകത്തില്‍ ചോദ്യം ചെയ്യാന്‍ പോലും മുംബൈ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ് ഷെഖാവത്തീന്റെ വിമര്‍ശനം.
2023 ഡിസംബര്‍ അഞ്ചിന് ക്ഷത്രിയ കര്‍ണി സേന മേധാവിയായിരുന്ന സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ ജയ്പൂരില്‍ വെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തിയതില്‍ ബിഷ്‌ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇതാണ് ബിഷ്‌ണോയുടെ തലയ്ക്ക് ക്ഷത്രിയ കര്‍ണി സേന വിലയിടാന്‍ കാരണമായിരിക്കുന്നത്. ജയിലിലാണെങ്കിലും എല്ലാ സുരക്ഷാസംവിധാനങ്ങളും ലോറന്‍സ് ബിഷ്‌ണോയ്ക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയ്ക്ക് പുറത്തും പല ഓപ്പറേഷനുകളും ബിഷ്‌ണോയ് ഗ്യാങ്ങ് നടത്തുന്നുണ്ട്. ഇതിനെല്ലാം ജയിലിലിരുന്നാണ് ലോറന്‍സ് ബിഷ്‌ണോയ് നേതൃത്വം നല്‍കുന്നത്.