Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹേഷിന്റെ പ്രതികാരം പോലെയല്ല കുമാറിന്റെ പ്രതികാരം; ദാവൂദിന്റെ അനുയായിയെ കൊന്നു കൊലവിളിച്ച മലയാളി അധോലോകത്തെ ഞെട്ടിച്ചു - സിനിമാക്കഥ പോലെ കുമാര്‍ കൃഷ്‌ണപിള്ളയുടെ ജീവിതം

എൽടിടിഇയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി

മഹേഷിന്റെ പ്രതികാരം പോലെയല്ല കുമാറിന്റെ പ്രതികാരം; ദാവൂദിന്റെ അനുയായിയെ കൊന്നു കൊലവിളിച്ച മലയാളി അധോലോകത്തെ ഞെട്ടിച്ചു - സിനിമാക്കഥ പോലെ കുമാര്‍ കൃഷ്‌ണപിള്ളയുടെ ജീവിതം
മുംബൈ , ചൊവ്വ, 28 ജൂണ്‍ 2016 (14:39 IST)
സിംഗപ്പൂരിൽ പിടിയിലായ മലയാളി അധോലോക കുറ്റവാളി കുമാർ കൃഷ്ണപിള്ളയെ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിച്ചു. തിങ്കളാഴ്‌ച രാത്രി മുംബൈ വിമാനത്താവളത്തില്‍ എത്തിയ കുമാറിനെ ക്രൈം ബ്രാഞ്ച് സംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, രണ്ടു കൊലപാതക ശ്രമങ്ങൾ എന്നിങ്ങനെ നാലു കേസുകളാണു മുംബൈയിൽ കുമാർ കൃഷ്ണപിള്ളയ്ക്കെതിരെയുള്ളത്.

കുമാറിന്റെ പ്രതികാരത്തിന്റെ കഥ:-

മലയാളിയായ കൃഷ്ണപിള്ളയുടെ മകനായി വിക്രോളിയിൽ ജനിച്ച കുമാർ കൃഷ്ണപിള്ള ടെക്‌സ്‌റ്റൈൽ എഞ്ചീനിയറിംഗില്‍ ബിരുദം നേടി ജോലി ചെയ്യുകയായിരുന്നു. കുമാറിന്റെ പിതാവ് കൃഷ്ണപിള്ള നഗരത്തിന്റെ കണ്ണായ സ്ഥലത്ത് ക്ലബ് നടത്തുകയായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം നഗരത്തില്‍ പിടിമുറുക്കിയ തൊണ്ണൂറുകളുടെ തുടക്കത്തില്‍ കൃഷ്ണപിള്ളയുടെ ക്ലബിനെയും ദാവൂദ് നോട്ടമിട്ടു.

ക്ലബില്‍ നോട്ടമിട്ട കോർപറേറ്റ് വമ്പന്മാര്‍ ദാവൂദ് വഴി ക്ലബ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തി. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും വഴങ്ങാതിരുന്ന കൃഷ്ണപിള്ളയെ ദാവൂദിന്റെ സംഘത്തിൽപ്പെട്ട ലാൽസിംഗ് ചൗഹാൻ കൊലപ്പെടുത്തിയതോടെ പിതാവിന്റെ കൊലപാതകത്തിനു പ്രതികാരം തീർക്കാന്‍ കുമാർ അധോലോകത്ത് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

ദാവൂദുമായി തുറന്ന ഏറ്റുമുട്ടല്‍ നടത്തിയിരുന്ന അമർനായിക്ക് എന്ന അധോലോക കുറ്റവാളിയുടെ സംഘത്തില്‍ അംഗമായിട്ടായിരുന്നു തുടക്കം. പിതാവിനെ കൊലപ്പെടുത്തിയ ലാൽസിംഗ് ചൗഹാനെ വധിക്കാതെ ചെരിപ്പു ധരിക്കില്ലെന്നു പ്രതിജ്ഞയുമെടുത്തു. അമർനായിക്കിന്റെ തണലില്‍ വളര്‍ന്ന കുമാര്‍ ബോറിവ്‌ലി സ്‌റ്റേഷനു പുറത്തുവച്ചു ചൗഹാനെ കൊല്ലുകയും ചെയ്‌തു.

ചൗഹാനെ വധിച്ച കുമാര്‍ അധോലോകത്ത് പേരെടുത്തതോടെ അമർ നായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിന്റെ വലംകയ്യായി മാറി. ഇതോടെ ശക്തനായി തീര്‍ന്ന കുമാര്‍ കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയിലൂടെ സമ്പന്നനായി തീര്‍ന്നു. 1996ൽ പൊലീസ് ഏറ്റുമുട്ടലിൽ അമർ നായിക് കൊല്ലപ്പെടുകയും അശ്വിൻ നായിക് വീൽ ചെയറിലാവുകയും ചെയ്തതോടെ കുമാർ ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കും തട്ടകം മാറ്റി.

ചെന്നൈയില്‍ ഹോട്ടൽ ബിസിനസിന്റെ മറവില്‍ എൽടിടിഇയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി. ഇതിനിടെ പൊലീസ് നടത്തിയ നാടകീയ നീക്കത്തിനിടെ കുമാര്‍ പിടിയിലാകുകയായിരുന്നു. 1998ൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. നാടുവിട്ടശേഷവും വിദേശത്തിരുന്നു കുറ്റകൃത്യങ്ങൾക്കു ചുക്കാൻപിടിച്ചു.

യൂറോപ്പിലോ അമേരിക്കയിലോ ആകാം കുമാര്‍ താവളമുറപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഫെബ്രുവരിയില്‍    ഇയാൾ സിംഗപ്പൂരിൽ ഉണ്ടെന്നു വിവരം ലഭിച്ചത്. തുടർന്നാണ് ഇന്റർപോളിന്റെ സഹായം തേടി പിള്ളയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയത്. തുടര്‍ന്ന് ഫെബ്രുവരി 26നാണു സിംഗപ്പൂരിൽ പിടിയിലാകുകയുമായിരുന്നു. 26 വർഷം മുൻപ് അറസ്റ്റിലായപ്പോൾ മുംബൈ പൊലീസ് ശേഖരിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണു പിള്ളയെ തിരിച്ചറിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ തല്‍ക്കാലം വേണ്ട; കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ എസ് പി നിശാന്തിനി വരുന്നു, ബെഹ്‌റയുടെ പുതിയ നീക്കം!