പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. 77 വയസായിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് ടി വി ആര്‍ ഷേണായി മാധ്യമരംഗത്തെത്തുന്നത്. ഏറെക്കാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന അദ്ദേഹം പിന്നീട് ‘The Week' വാരികയുടെ എഡിറ്ററുമായി. പല വിദേശ മാധ്യമങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതിയിരുന്നു. 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
രാജ്യത്തെ ഏറ്റവും സുപ്രധാനമായ പല സംഭവങ്ങളും തീരുമാനങ്ങളും ബ്രേക്ക് ചെയ്ത് വായനക്കാരെ എന്നും അമ്പരപ്പിച്ച വ്യക്തിത്വമാണ് ടി വി ആര്‍ ഷേണായ്. വാര്‍ത്തയുടെ അവതരണത്തിലും വായനാക്ഷമതയിലും വിശ്വാസ്യതയിലും മാധ്യമപ്രവര്‍ത്തകന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് ഷേണായി എന്നും നല്‍കാറുള്ള ഉപദേശം. മറ്റ് സിദ്ധികളെല്ലാം പിന്നാലെ വരുമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
ഒരുപക്ഷേ, പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമോശം വന്നുപോയിരിക്കുന്നതും അദ്ദേഹത്തിന്‍റെ ഉപദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ടി വി ആര്‍ ഷേണായി എക്കാലത്തെയും ഗുരുവും വഴികാട്ടിയുമൊക്കെയാകുന്നത് അങ്ങനെയാണ്.
മനോരമ കുടുംബത്തിലെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ‘The Week'ന് ആ പേര് നിര്‍ദ്ദേശിച്ചത് ടി വി ആര്‍ ഷേണായി ആയിരുന്നു. ചെറുതും സുന്ദരവും വിശാലമായ അര്‍ത്ഥമുള്ളതും ആര്‍ക്കും കേട്ടാല്‍ മനസിലാകുന്നതുമായ ഒരു പേര് തേടി മനോരമ നേതൃത്വം തലപുകച്ചപ്പോള്‍ അന്ന് ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന ഷേണായിക്ക് ‘The Week' എന്ന പേര് കണ്ടെത്താന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല.
അസാധാരണമായ ഓര്‍മ്മശക്തിയും ഒന്നാന്തരം ഭാഷയുമായിരുന്നു ടി വി ആര്‍ ഷേണായിയുടേത്. ഏത് വാര്‍ത്തയെയും അതിന്‍റെ ചരിത്രവുമായി ബന്ധിപ്പിക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു അദ്ദേഹത്തിന്. കാസര്‍കോട് ആരുടേതാകുമെന്ന ഒരു തര്‍ക്കം കേരളവും കര്‍ണാടകയും തമ്മില്‍ ഉണ്ടായപ്പോള്‍ ‘കാസര്‍കോട് കേരളത്തിനുതന്നെ’ എന്ന സ്കൂപ്പ് ഷേണായി വകയായിരുന്നു. ഇന്ദിരാഗാന്ധി 1970ല്‍ നടപ്പാക്കിയ ബാങ്ക് ദേശവല്‍ക്കരണവും അതിന്‍റെ പ്രഖ്യാപനത്തിന് മുമ്പ് ടി വി ആര്‍ ഷേണായി മണത്തറിഞ്ഞു. അത് വാര്‍ത്തയാവുകയും ചെയ്തു.
1971ല്‍ ഇന്ദിര തന്‍റെ തര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുന്നതും ഷേണായിക്ക് രണ്ടുദിവസം മുമ്പേ പ്രവചിക്കാന്‍ കഴിഞ്ഞു. ആ സ്കൂപ്പിന്‍റെ അമ്പരപ്പില്‍ ജനം ‘അങ്ങനെ സംഭവിക്കുമോ?’ എന്ന് സന്ദേഹിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അത് സത്യമായി.
രാജ്യം കണ്ട ഏറ്റവും ധിക്ഷണാശാലിയും പ്രതിഭാധനനും ഏവര്‍ക്കും മാതൃകയുമായ മാധ്യമപ്രവര്‍ത്തകനെയാണ് ടി വി ആര്‍ ഷേണായിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
ചിത്രത്തിന് കടപ്പാട് - മലയാള മനോരമ