മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളളത്. നേരത്തേ തന്നെ രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ ചെടികളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
അതേസമയം ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷം മോദി രാജിക്കത്ത് നല്‍കാന്‍ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലുമണിക്ക് എന്‍ഡിഎ മുന്നണി യോഗം ചേര്‍ന്നു. ഇതിനുശേഷമാകും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. യോഗത്തില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്.